റിയാദ്: ജനങ്ങൾ കോൺഗ്രസിന് മാർക്കിടുന്നതിൽ കുറവ് വരുന്നത് അച്ചടക്കമില്ലായ്മ കാരണമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിലെ അവസ്ഥ എന്ന എം.കെ. രാഘവൻ എം.പിയുടെ പരാമർശത്തെ കുറിച്ച് റിയാദിൽ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.കെ. രാഘവൻ എം.പി പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാന്നെന്ന കെ. മുരളീധരന്റെ പ്രസ്താവനയെയും സരിൻ തള്ളി. നേതാക്കളുടെ പ്രസ്താവനയിൽ അണികൾ പലപ്പോഴും നിരാശരാണ്. എന്നാൽ നേതാക്കൾ വ്യതിചലിച്ച് പോയാൽ അണികൾ നേതാക്കളെ തിരുത്തന്ന ജനാധിപത്യമുള്ള ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ അവർക്കും ബി.ജെ.പിയുടേത് അവർക്കും തീർക്കാമെങ്കിൽ കോൺഗ്രസ്സിന്റേത് കോൺഗ്രസ്സിനും തീർക്കാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു ഡോ. സരിൻ. അണികൾക്ക് നേതാക്കളോടും നേതാക്കൾക്ക് അണികളോടും സംവദിക്കാനുള്ള അവസരമാണ് ചിന്തൻ ശിവിർ എന്നും സരിൻ വ്യക്തമാക്കി. സൗദിയിൽ നടന്ന ചിന്തന്‍ ശിവിര്‍ വലിയ വിജയമാണെന്നും ഒ.ഐ.സി.സിയുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഈ പരിപാടി തുടരുമെന്നും വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡൻറ് ശങ്കരപിള്ള പറഞ്ഞു. സെൻട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡൻറ് സലീം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.