കൊല്ലം: സ്റ്റാഫ് റൂമില്‍നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്കൂളിലെ വാട്സാപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ 2 അധ്യാപകരെ പ്രതികളാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും ഒളിവിലാണ്.
അന്തരിച്ച മുതിര്‍ന്ന നേതാവ് ഇ.കാസിമിന്റെ മകളും സ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയുമായ കെ.എസ്. സോയയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നാണു കെഎസ്ടിഎ ഉള്‍പ്പെടെയുള്ള വാട്സാപ് ഗ്രൂപ്പുകളില്‍ പാര്‍ട്ടി നേതാക്കളെയും സ്കൂളിലെ അധ്യാപകരെയും പരാമര്‍ശിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഫോണ്‍ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പോലീസില്‍ പരാതി നല്കി. എന്നാല്‍, ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാന്‍ എത്താതെ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്കൂളിലെ സിസി ടിവി ദൃശ്യങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് അന്വേഷണസംഘം പറഞ്ഞു.
സംഭവത്തിനു ശേഷം ഫോണ്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് സൂചന. ഒളിവില്‍ കഴിയുന്ന പ്രജീഷ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗത്തിന്റെ കുടുംബാംഗമാണ്. പ്രതികള്‍ക്കൊപ്പം, പരാതിക്കാരിയായ കെ.എസ്. സോയയേയും അധ്യാപകനായ സി.എസ്. പ്രദീപിനെയും സ്കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണു കാരണമെന്നും പരാതിയുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ്, ഗേള്‍സ് ഹൈസ്കൂളുകളിലെ നിയമനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടന നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങള്‍ വീതംവയ്ക്കുന്നതിനെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറെനാളായി അധ്യാപകര്‍ പല ഗ്രൂപ്പുകളായിട്ടാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളും വൈരാഗ്യവുമാണ് ഫോണ്‍ കവരുന്നതിനും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കും എത്തിയതെന്നും പോലീസ് പറഞ്ഞു.