തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് താപനില ഉയരുന്നതിനാല്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്‌നിരക്ഷാസേന ഒരുക്കുന്നത്.
ആറ്റുകാല്‍ ദേവിക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റിഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. 300 അഗ്‌നിശമന സേനഅംഗങ്ങളെയാണ് ഇതിനായി വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോഗ്യ സംഘത്തെയും ആരോഗ്യവകുപ്പ് ഒരുക്കും. 35 ആംബുലന്‍സുള്ള 10 മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ട്രാന്‍സ്‌ഫോമറിന് സമീപം പൊങ്കാലയിടുമ്പോള്‍ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ഥന.
എറണാകുളത്ത് നിന്നും നാഗകോവില്‍ നിന്നും തിരിച്ചും നാല് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. പത്ത് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും പൊങ്കാല ദിനത്തില്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 7നാണ് പൊങ്കാല. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.