കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിവച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറി. മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
സിബിഐ അന്വേഷണത്തില്‍ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നത്. തെളിവുകളും ഫോറന്‍സിക് രേഖകളും സിബിഐ പരിശോധിക്കുന്നില്ല, തെളിവുകളെല്ലാം തള്ളുകയാണ് സിബിഐ ചെയ്യുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, സാവകാശം വേണമെന്നാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി ഇന്ന് വരെ സമയം നീട്ടി നല്‍കിയത്. സീലുവെച്ച കവറിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.