KeralaNEWS

കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം; അനുമതിയില്ലാതെ ഏഴു പേരെ നിയമിച്ചതില്‍ അന്വേഷണം

തൃശൂര്‍: കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ അനുമതിയില്ലാതെ ഏഴു പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിന് കത്ത് നല്‍കി.

2014-ലാണ് കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍ ബിരുദ വകുപ്പുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും വരേണ്ട ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതല്‍ 2021 വരെ അംഗീകൃത തസ്തികകള്‍ക്ക് പുറത്ത് ഏഴ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം.

അനുവദിക്കപ്പെട്ട സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയിരുന്നു. എന്നാല്‍, ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി. നിയമനത്തിന് പിന്നില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

Back to top button
error: