ആലപ്പുഴ: കിട്ടാനുള്ള പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ കൊച്ചുപറമ്പിൽ വീട്ടിൽ അജീഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മാവേലിക്കര അറുന്നുറ്റിമംഗലം വെട്ടിയാർ സ്വദേശി ബിജു കുറത്തികാട്, കാതേലിൽ വീട്ടിൽ ബിനു, കുറത്തികാട് കണ്ടത്തിൽ വടക്കേതിൽ വീട്ടിൽ സുഭാഷ് എന്നിവരാണ് പിടിയിലായത്. പണമിടപാടിൽ 45,000 രൂപ നൽകാനുണ്ട് എന്ന് ആരോപിച്ചാണ് അജീഷിനെ തട്ടിക്കൊണ്ടു പോയത്.
വിവരമറിഞ്ഞ് നോർത്ത് പോലീസ് അന്വേഷിച്ച എത്തിയ സമയം അജീഷിന്റെ വീട്ടുകാർ പോലും സംഭവം അറിഞ്ഞിരുന്നില്ല. കെ എൽ- 69 ബി 9134 എന്ന വാഹനത്തിൽ എടത്വ സൈഡിലേക്കാണ് അജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടത്വ സിഐ യെ വിവരം അറിയിക്കുകയും അവർ കൈകാണിച്ചിട്ട് വാഹനം നിർത്താതെ പോകുകയും ചെയ്തു. പിന്നീട് വന്ന അറിയിപ്പുകളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൊപ്പാറ ബിജു എന്നറിയപ്പെടുന്ന ആൾ ആണെന്ന് മനസ്സിലായി.
അറുനൂറ്റിമംഗലത്ത് ഉള്ള പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അവിടെയും ഈ വാഹനമോ ആളിനെയോ കണ്ടെത്തനായില്ല. തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രി പരിസരങ്ങളിൽ അന്വേഷണം നടത്തിവരവേ ഒരു ഇടറോഡിൽ വെള്ള മാരുതി ബലെനോ കാർ കിടക്കുന്നതായി കാണുകയും വാഹനത്തിന്റെ അടുത്തേക്ക് പോലിസ് എത്തിയപ്പോൾ പ്രതികൾ വാഹനം ഓടിച്ച് കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസ് വാഹനം അവരുടെ വാഹനത്തിന് കുറുകെ നിർത്തിയ സമയം വാഹനത്തിൽ നിന്ന് പ്രതികൾ ഇറങ്ങി ഓടുകയും പോലീസ് സംഘം പിന്നാലെ ഓടി മൂന്ന് പ്രതികളെയും കീഴടക്കുകയുമായിരുന്നു. ഇവർ തട്ടിക്കൊണ്ടു വന്ന യുവാവിന് പ്രതികളുടെ ഭാഗത്ത് നിന്ന് ക്രൂര മർദ്ദനം ഏറ്റിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിടിയിലായ കൊപ്പാറ ബിജു, കുങ്ഫു ബിനു, സുഭാഷ് എന്നിവർ വധശ്രമം, സ്പിരിറ്റ് കേസ്, നർക്കോട്ടിക് കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.