CrimeNEWS

പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ ഇരുമ്പ് ഉരുപ്പടികൾ പണയം വെച്ച് പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ; പിടിയിലായത് സമാനമായ 23 കേസുകളിലെ പ്രതി

തിരുവനന്തപുരം: പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ ഇരുമ്പ് ഉരുപ്പടികൾ പണയം വെച്ച് പണം തട്ടുന്ന വിരുതൻ പിടിയിൽ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇയാൾക്കെതിരെ 23 സമാനമായ കേസുകൾ നിലവിലുണ്ട് എന്ന് പൊലീസ്. തലസ്ഥാന നഗരിയിൽ ലോഡ്ജും ഡോർമെറ്ററിയും നടത്തുന്ന തിരുവല്ലം പുഞ്ചക്കരി പേരകം സ്വദേശി കൃഷ്ണകുമാറിനെ (65) ആണ് കോട്ടയം കിടങ്ങുർ പൊലീസും തിരുവല്ലം പൊലീസും ചേർന്ന് പിടികൂടിയത്.

കോട്ടയത്തെ കിടങ്ങുരിൽ കാന്തി എന്ന സ്വകാര്യ സ്വർണ്ണപണയ സ്ഥാപനത്തിൽ 19 ഗ്രാം തൂക്കമുളള വള പണയം വെച്ച് 80000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കൽ അഞ്ച് സിം കാർഡുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 11 നാണ് കിടങ്ങൂരിലെ സ്വകാര്യ സ്വർണ്ണപണയമിടപാട് സ്ഥാപനത്തിൽ ഇരുമ്പിൽ സ്വർണ്ണം പൂശിയ വള പണയം വെച്ചത്. കിടങ്ങൂർ അമ്പലത്തിന് സമീപത്താണ് താമസമെന്നും സ്ഥാപനയുടമയായ സ്ത്രീയോട് അവരുടെ ഭർത്താവിന്റെ പരിചയക്കാരനാണെന്നും പറഞ്ഞാണ് വള പണയം വെച്ച് 80000 രൂപ കെെക്കലാക്കിയത്.

Signature-ad

സ്ഥാപനയുടമയായ സ്ത്രീ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. തട്ടിപ്പാണെന്ന സംശയത്തെ തുടർന്ന് വള പരിശേധിച്ചപ്പോഴാണ് ഇരുമ്പാണെന്ന് തെളിഞ്ഞത്. തുടർന്ന് കിടങ്ങൂർ പോലീസിൽ പരാതി നൽകി. സി.സി.ടി.വിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും കിടങ്ങൂർ എസ്.ഐ. ബിജുചെറിയാൻ എ. എസ്. മഹേഷ് കൃഷ്ണൻ എന്നിവരും ചേർന്ന് പുഞ്ചക്കരിയിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. 2007 മുതൽ ഇയാൾ ഇത്തരത്തിലുളള തട്ടിപ്പ് നടത്തിവരുകയായിരുന്നു. കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം അടക്കമുളള സ്ഥലങ്ങളിൽ ഇയാൾക്കെതിരെ സമാനമായ 23 കേസുകളുണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു.

Back to top button
error: