IndiaNEWS

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി, റണ്‍വേയില്‍ കുത്തിയിരുന്ന് പ്രതിഷേധം

ന്യൂഡല്‍ഹി: റായ്പൂരില്‍ പ്ലീനറി സമ്മേളനത്തിന് പോകാന്‍ നേതാക്കള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രതിഷേധം നടക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം റണ്‍വേ ഉപരോധിച്ച് റായ്പൂരിലേക്കുള്ള വിമാനത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പോലീസിന്റെ വന്‍ സംഘം വിമാനത്താവളത്തിലുണ്ട്.

ലഗേജില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതെന്ന് പവന്‍ ഖേര പറഞ്ഞു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡി.സി.പിക്ക് കാണണമെന്ന് പറഞ്ഞതായും പവന്‍ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവന്‍ ഖേര ചോദിച്ചു. ഇതോടെയാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് ആരോപിച്ച് കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നത്.

Signature-ad

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ യു.പി പോലീസാണ് പവന്‍ ഖേരക്കെതിരെ കേസ് എടുത്തത്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവാണ് പരാതിപ്പെട്ടത്. എന്നാല്‍, അസം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അസം പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റണ്‍വേയില്‍ ഉപരോധ സമരം തുടങ്ങിയത്. മോദി സര്‍ക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ദുര്‍ബലമായ കേസുകള്‍ എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാന്‍ ആകാത്ത പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റണ്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഡല്‍ഹി പോലീസിന്റെ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമില്‍ കേസുണ്ടെങ്കില്‍ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. റായ്പൂരിലേക്കുള്ള വിമാനം പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.

 

 

Back to top button
error: