തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ വിശദീകരണവുമായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. തട്ടിപ്പിനു പിന്നില്‍ സംഘടിതമായ ഒരു പ്രവര്‍ത്തനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുതന്നെയാണ് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പരിശോധനയിലാണ് ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നിരവധി ജില്ലകളില്‍ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തി. കൊല്ലം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കും – മനോജ് എബ്രഹാം വിശദീകരിച്ചു.
തട്ടിപ്പിനു പിന്നില്‍ സംഘടിതമായ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. രണ്ടുവര്‍ഷത്തെ മാത്രം ഫയലുകളാണ് ഇപ്പോള്‍ പരിശോധിച്ചത്. അതില്‍ത്തന്നെ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അപേക്ഷകരെയും വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായധനം വാങ്ങിനല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ചില കലക്ടറേറ്റുകളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സഹായധനം ഏര്‍പ്പാടാക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അപേക്ഷകളില്‍ പലതിലും അപേക്ഷകന്റെ ഫോണ്‍ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളത്. സഹായധനം ലഭിച്ചാല്‍ ഏജന്റുമാര്‍ തുകയുടെ പങ്കുപറ്റുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.