മലപ്പുറം: പത്തോളം പരിശോധനകളെ വെട്ടിച്ച്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചുവന്ന യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസ് പിടിയില്‍. ദുബായില്‍ നിന്നും വന്ന കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ (37) ആണ് പോലീസ് പിടിയിലായത്. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സഫവാന്റെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പോലീസ് ഇന്ന് പിടിച്ചെടുത്തത്. രാവിലെ 08.30നു ദുബായില്‍ നിന്നും ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ മുഹമ്മദ് സഫ്‌വാന്‍ (37) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്‌വാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഫ്‌വാന്‍ ധരിച്ചിരുന്ന പാന്റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയതില്‍ 2.205 കിലോ ഗ്രാം തൂക്കം കാണുന്നുണ്ട്. വസ്ത്രത്തില്‍ നിന്നും ചുരുങ്ങിയ പക്ഷം 1.750 കിലോ തങ്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോ ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും.
ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 12-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്തവളം വഴി കരിപ്പൂരില്‍ ഗൃഹാലങ്കാര വസ്തുക്കളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 488 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. ദുബായില്‍ നിന്നും വന്ന ഫ്ളൈ ദുബായ് ഫ്‌ളൈറ്റ് നമ്പര്‍ എഫ്.ജെറ്റ് 429 ഇല്‍ എത്തിച്ചേര്‍ന്ന കാസര്‍ഗോഡ് യേദട്ക്ക സ്വദേശി മൊഹമ്മദ് കുടിങ്കില എന്ന യാത്രക്കാരനില്‍ നിന്നാണ് കാര്‍ട്ടന്‍ പെട്ടികളില്‍ കൊണ്ടുവന്ന ഗൃഹാലങ്കാര വസ്തുക്കളായ വേസ്, മൃഗങ്ങളുടെ മിനിയേച്ചര്‍ രൂപം എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം ലെഡുമായി കലര്‍ത്തി കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഈ വസ്തുക്കളുടെ അടിഭാഗത്തു ഈ മിശ്രിതം ഒളിപ്പിച്ചതായാണ് കണ്ടെത്തിയത്.