Health

ജലദോഷ പനി പടരുന്നു, കാര്യക്ഷമമായി നേരിട്ടില്ലെങ്കിൽ ഗുരുതരമാകാം;  രോഗം മാറാൻ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

ജലദോഷ പനി 

തണുപ്പ് കാലം മാറാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയില്‍ നിന്ന് മുക്തരായിട്ടില്ല. പനി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മെ ബുദ്ധിമുട്ടിക്കുന്നത്.

ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ടത്രേ. ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, നമ്മെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു.

ജലദോഷത്തിന്റെ കാരണങ്ങൾ

ജലദോഷത്തിന് കാരണമാകുന്ന നിരവധി  വൈറസുകൾ ഉണ്ട്, റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നമ്മുടെ വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും.

ജലദോഷത്തിന്റെ ലക്ഷണങ്ങൾ

അണുബാധ പിടിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ജലദോഷത്തിന്റെ ചില ലക്ഷണങ്ങൾ ഇതാ.

> ക്ഷീണം, തളർച്ച, കുളിര്, ശരീരവേദന, നെഞ്ചിലെ അസ്വസ്ഥത, കുറഞ്ഞ ചൂടുള്ള പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.

> തലവേദന, കണ്ണിൽ നിന്ന് വെള്ളം വരുന്നത്, തൊണ്ടവേദന, ചുമ, വീർത്ത ലസീക ഗ്രന്ഥി.

> കഫക്കെട്ട്, മൂക്കൊലിപ്പ്, സൈനസ് മർദ്ദം, മൂക്കടപ്പ്, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടുക, തുമ്മൽ, മൂക്കിൽ നിന്ന് വെള്ളം വരുക എന്നിവ.

ജലദോഷത്തിന് നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളും ഉണ്ട്. പാർശ്വഫലങ്ങളില്ല എന്നതിനാൽ ആദ്യം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്

കവിൾക്കൊള്ളുക

ഏറ്റവും ലളിതമായ പൊടിക്കൈയാണ് ഇത്. ചെറുചൂടുള്ള വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് തൊണ്ടവേദനയെ തൽക്ഷണം ഒഴിവാക്കും. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് അല്ലെങ്കിൽ ഒരു നുള്ള് മഞ്ഞൾ ഉപയോഗിച്ച് കവിൾക്കൊള്ളാവുന്നതാണ്. ചെറുനാരങ്ങാനീരും തേനും ചെറുചൂടുള്ള വെള്ളത്തിൽ കലർത്തിയും ഇത് ചെയ്യാം.

ധാരാളം വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തെയും നേർത്ത കഫക്കെട്ടിനെയും തടയുന്നു. ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നതിന് വെള്ളമാണ് ഏറ്റവും മികച്ച പാനീയം. ജ്യൂസ്, ചായ തുടങ്ങിയ മറ്റ് പാനീയങ്ങളും കുടിക്കാവുന്നതാണ്.

തേനും നാരങ്ങ ചേർത്ത കട്ടൻ ചായയും പരീക്ഷിക്കാം. കാരണം ഇത് കഫക്കെട്ടും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും. ചൂടുള്ള സൂപ്പു കുടിക്കുന്നത് മൂക്കൊലിപ്പ് കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും.

ജലദോഷം ഉണ്ടെങ്കിൽ മദ്യപാനം ഒഴിവാക്കണം, കാരണം മദ്യം ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കും.

ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നത് മൂക്കിലെ കഫവും സൈനസ് മർദ്ദവും കുറയ്ക്കാൻ സഹായിക്കും. യൂക്കാലിപ്റ്റസ്  ചേർത്ത് ആവി പിടിക്കുന്നത് പരിഗണിക്കാം. നാഷണൽ അസോസിയേഷൻ ഫോർ ഹോളിസ്റ്റിക് അരോമാതെറാപ്പി, 4-7 തുള്ളി യൂക്കാലിപ്റ്റസ് തിളക്കുന്ന വെള്ളത്തിൽ ചേർത്ത് മൂക്കിലൂടെ ആവി പിടിക്കുന്നത് ഉത്തമമാണെന്ന് നിർദ്ദേശിക്കുന്നു.

ആവശ്യത്തിന് വിശ്രമം

ഉറക്കം ശരീരത്തിന് വിശ്രമം നൽകുകയും ചെറു രോഗങ്ങൾ സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഉറങ്ങുമ്പോൾ, നമ്മുടെ ശരീരം സൈറ്റോകൈൻസ് എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

ചൂട് പിടിക്കുക

സൈനസ് വേദന ഒഴിവാക്കാൻ ഒരു തുണി ചൂടുവെള്ളത്തിൽ മുക്കിയോ അല്ലെങ്കിൽ ഹോട്ട് ബാഗ് ഉപയോഗിച്ചോ ചൂട് പിടിക്കാം.

മൂക്ക് ചീറ്റി കളയുക

കഫം മൂക്കിനകത്തേക്ക് തിരിച്ച് വലിച്ചു കയറ്റുന്നതിനെക്കാൾ നല്ലത് മൂക്ക് പുറത്തേക്ക് ചീറ്റി, തുറക്കുന്നതാണ്. എന്നാൽ, കഠിനമായി മൂക്ക് ചീറ്റാതെ, സാവധാനം ചെയ്യുക. വളരെ കഠിനമായി ചീറ്റുന്നത് അണുക്കൾ വഹിക്കുന്ന കഫം ചെവിയുടെ ഭാഗങ്ങളിലേക്ക് തിരികെ അയയ്‌ക്കുകയും, ഇത് ചെവിക്ക് അണുബാധ ഏൽക്കുവാൻ കാരണമാകുകയും ചെയ്യും.

മൂക്ക് ചീറ്റുമ്പോൾ, ഒരു മൂക്ക് ഒരു വിരൽ കൊണ്ട് അമർത്തിപ്പിടിച്ച് ചെയ്യുക.

പനി വരുമ്പോള്‍ ശരീരം പൊതുവേ ദുര്‍ബലമായിരിക്കും. ഈ സമയം കൂടുതല്‍ ജോലികള്‍ ചെയ്ത് ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കുന്നതാണ് നല്ലത്. പകരം നന്നായി വിശ്രമിക്കുകയാണ് വേണ്ടത്. കൂടുതല്‍ സമയം കിടന്ന് വിശ്രമിക്കാം, കഴിവതും പുറത്തിറങ്ങരുത്. വായിക്കുക, ടി വി കാണുക പോലുള്ള പ്രയത്നം വേണ്ടാത്ത വിനോദങ്ങളില്‍ ഏര്‍പ്പെടാം. വെള്ളമുള്‍പ്പെടെ ധാരാളം പാനീയങ്ങള്‍ കുടിക്കണം. കരിക്കിന്‍ വെള്ളം, സൂപ്പ്, ഇഞ്ചി നീര്, ചായ തുടങ്ങിയവയെല്ലാം നല്ലതാണ്. ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലെങ്കിലും ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന വൈറസിനോട് പോരാടാന്‍ ആരോഗ്യം വേണമെങ്കില്‍ ഭക്ഷണം കഴിക്കുക തന്നെ വേണം. ഓറഞ്ച്, മാതളനാരങ്ങ, സ്ട്രോബെറി, ചീര, മധുരക്കിഴങ്ങ് ഇവയൊക്കെ പനിക്കാലത്ത് കഴിക്കാവുന്ന പഴങ്ങളാണ്. പനി മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇവ സഹായിക്കും. ചൂട് വെള്ളത്തിലെ കുളി, ആവി പിടിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ചെയ്ത്  ശരീരത്തെ സഹായിക്കണം.

ലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടുക.
പനി 101.3 ഡിഗ്രിയേക്കാൾ കൂടുതൽ  ഉണ്ടെങ്കിൽ, അഞ്ച് ദിവസത്തിൽ കൂടുതൽ പനി തുടരുന്നു എങ്കിൽ, ശരിയായി ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, തലവേദനയും കഠിനമായ തൊണ്ട വേദന അല്ലെങ്കിൽ  സൈനസ് വേദന ഉണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

Back to top button
error: