KeralaNEWS

ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്റെ വിസ റദ്ദാക്കും; എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും

തിരുവനന്തപുരം: ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ കണ്ണൂര്‍ പേരട്ട സ്വദേശി ബിജു കുര്യന്റെ വിസ റദ്ദാക്കാന്‍ എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. ബിജുവിനെ എത്രയും വേഗം കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേല്‍ എംബസിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആധുനിക കൃഷിരീതി പഠിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17 രാത്രിയിലാണ് കാണാതായത്. ഇയാളെ കാണാതായ വിവരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ അറിയിച്ചിരുന്നു. ബിജു ഇല്ലാതെ തിങ്കളാഴ്ചയാണ് സംഘം കേരളത്തില്‍ മടങ്ങിയെത്തിയത്.

Signature-ad

തുടക്കം മുതല്‍ സംഘത്തില്‍ നിന്നും ബിജു അകലം പാലിച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഇസ്രായേലിലേക്ക് പോകാന്‍ ബിജു ശ്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു തവണ ഏജന്‍സിക്ക് പണം കൊടുക്കുകയും യാത്രയുടെ വക്കോളം എത്തിയെങ്കിലും ബിജുവിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ബിജു ആസൂത്രിതമായി മുങ്ങുകയായിരുന്നുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ബിജുവിന്റെ തിരോധാനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ബിജുവിന്റെ കുടുംബം വിളിച്ച് ക്ഷമ ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും തനിക്കുവേണ്ടി അന്വേഷണം നടത്തേണ്ടതില്ലെന്നുമായിരുന്നു ബിജുവിന്റെ അവസാന സന്ദേശം.

കൃഷിയുടെ ആധുനിക പാഠങ്ങള്‍ പഠിക്കുന്നതിനാണ് ബിജു ഉള്‍പ്പെടെയുള്ള 27 അംഗ സംഘം ഇസ്രായേലിലേക്ക് പോയത്. ബി ആശോകിന്റെ നേതൃത്വത്തിലാണ് സംഘം പോയിരുന്നത്. 17-ന് ബിജുവിനെ കാണാതായതിനു പിന്നാലെ കൂടെ ഉണ്ടായിരുന്നവരാണ് അധികൃതരെ വിവരം അറിയിച്ചത്.

 

 

Back to top button
error: