ഭോപ്പാല്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിൽ കുപിതനായ പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഇന്‍ഡോര്‍ ബിഎം കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകി എന്നാരോപിച്ചായിരുന്നു അക്രമം.
അശുതോഷ് ശ്രീവാസ്തവ എന്ന പൂര്‍വ വിദ്യാര്‍ത്ഥി ഇന്നലെയാണ് പ്രിന്‍സിപ്പലിനെ തീ കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ പ്രിന്‍സിപ്പലിന്റെ നില അതീവ ഗുരുതരമാണ്.
ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ 50 വയസുകാരി വിമുക്ത ശര്‍മ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് നാലുമണിയോടെ വീട്ടിലേക്ക് പോകാനായി കാറിന് സമീപത്തേക്ക് പോയ പ്രിന്‍സിപ്പലിന്റെ അടുത്തെത്തിയ അശുതോഷ്, പ്രിന്‍സിപ്പലുമായി വാഗ്വാദത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രിന്‍സിപ്പലിന്റെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഇതിനുശേഷം ഓടിപ്പോയ അശുതോഷിനെ പിന്നീട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.