KeralaNEWS

കുടിവെള്ളം മുടങ്ങിയതിന് തോക്കുമായി വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെതിരേ തോക്കുമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് യുവാവിന്റെ പരാക്രമം നടന്നത്. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഏറെനാളായി കുടിവെളളം കിട്ടുന്നില്ലെന്ന പരാതി പഞ്ചായത്തിനെ അറിയിച്ചിട്ടും ക്രിയാത്മകമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി.

Signature-ad

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ കട നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ പഞ്ചായത്ത് അധികൃതർ പ്രതികരിച്ചിട്ടില്ല.

 

Back to top button
error: