LocalNEWS

പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു; മാണി ഗ്രൂപ്പിനെ തള്ളി നഗരസഭാധ്യക്ഷ, അനുസരിക്കുന്നത് തന്റെ പാർട്ടി പറയുന്നത് മാത്രം

കോട്ടയം: പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു. കേരള കോണ്‍‌ഗ്രസ് എമ്മിനെതിരെ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ രംഗത്തെത്തിയതാണ് പുതിയ സംഭവ വികാസം. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് സിപിഎം പ്രതിനിധിയായ ജോസിന്റെ വിമർശനം. നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു. ഇത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു.

”ഞങ്ങൾ അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു സി.പി.എം കൗൺസിലർ ചെയർപഴ്സൺ ആയതിൽ പലർക്കും അസഹിഷ്ണുത ഉണ്ടാവാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുത ഉണ്ടാകാം. എന്നാൽ, രാഷ്ട്രീയ സാഹചര്യവും യാഥാർഥ്യവും മനസ്സിലാക്കി പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യർഥിക്കാനുള്ളത്” – ജോസിൻ പറഞ്ഞു.

Signature-ad

ജോസിൻ ബിനോയുടെ പരാമർശങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജോസിൻ ബിനോയുടെ പുതിയ പ്രതികരണം. കേരള കോൺഗ്രസ് എമ്മിലെ ആന്‍റോ പടിഞ്ഞാറേക്കര ചെയർമാനായിരിക്കെ ഡിസംബറിലാണ് ജോസ് കെ. മാണി ശ്മാശാനം ഉദ്ഘാടനം ചെയ്തത്.

പണിതീരാത്ത ശ്മശാനം ആഘോഷമായി ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ജോസിൻ ബിനോ പറഞ്ഞിരുന്നു. ഇതിൽ ചെയര്‍പേഴ്സൻ മുന്നണിയോട് മാപ്പ് പറയണമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇത് തള്ളിയാണ് നഗരസഭ അധ്യക്ഷ ജോസിൻ രംഗത്തെത്തിയത്.

Back to top button
error: