ബംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
വിവാഹമോചിതയായ മുബീന ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയം മകള്‍ സ്‌കൂളിലായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടില്‍നിന്ന് നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി അയല്‍ക്കാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടില്‍നിന്ന് സ്വര്‍ണമോ പണമോ മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ യുവതിയെ പരിചയമുള്ളയാള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണത്തിനായി രണ്ട് പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍(സെന്‍ട്രല്‍) അറിയിച്ചു. അതിനിടെ, മുന്‍ഭര്‍ത്താവും മുബീനയും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.