KeralaNEWS

വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേത്, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല; എ.ഡി.എമ്മിനെ വിമര്‍ശിച്ച് കെ.യു.ജനീഷ് കുമാര്‍

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയതില്‍, എ.ഡി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍ എം.എല്‍.എ. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എ.ഡി.എം സ്വീകരിക്കുന്നതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട തന്നെ അധിക്ഷേപിക്കുന്ന വിധമാണ് എഡിഎം പെരുമാറിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ജനീഷ് കുമാര്‍ അറിയിച്ചു.

ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ പരിശോധിക്കാന്‍ എത്തിയ എ.ഡി.എം, എം.എല്‍.എയ്ക്കു ഓഫീസില്‍ എത്തി ഹാജര്‍ പരിശോധിക്കാന്‍ അധികാരമുണ്ടോയെന്നാണ് ആരാഞ്ഞതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എം.എല്‍.എയുടെ പണി. രഹസ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എം.എല്‍.എയ്ക്ക് അധികാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എം.എല്‍.എ പറഞ്ഞു.

Signature-ad

വിവരം അന്വേഷിക്കുന്നതിന് താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എ.ഡി.എം എടുത്തില്ല. ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് എം.എല്‍.എ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. അധിക്ഷേപം സഹിച്ചു എം.എല്‍.എ ആയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കും.

പത്തനംതിട്ടയിലെ ക്വാറി ഉടമയുടെ വണ്ടിയില്‍ ആണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ടൂര്‍ പോയതെന്നാണ് അറിയുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. റവന്യൂ മന്ത്രിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: