വാഷിങ്ടണ്‍: വെള്ളിയാഴ്ച അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യു.എസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാല്‍ വെടിവച്ചിടാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു.
സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓപ്പറേഷന്‍ ‘വിജയമായിരുന്നു’ എന്ന് ബൈഡന്‍ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം.
അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ചൈനീസ് ചാരബലൂണിനേക്കാള്‍ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലുപ്പം വരുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. ചൈനീസ് ചാര ബലൂണിനെ വീഴ്ത്താന്‍ ഉപയോഗിച്ച എഫ്-22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്ത്തിയതെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ അറിയിച്ചു.