തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷനായ സമിതിയാണ് നടപടി പിന്‍വലിച്ചത്. തട്ടിപ്പില്‍ ലക്ഷ്മണിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
നേരത്തേ, ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബര്‍ പത്തിന് സസ്‌പെന്‍ഡ് ചെയ്തത്. മോന്‍സനെതിരേ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടര്‍ന്നെന്നും, മോന്‍സനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു.
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍, സോഷ്യല്‍ പോലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്‌പെന്‍ഷനിലായത്. 2033 വരെ സര്‍വീസുണ്ട്. മോന്‍സന്‍ മാവുങ്കലിനെ ഐജി വഴിവിട്ടു സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് മുന്‍പു കണ്ടെത്തിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കം ഒട്ടേറെ പോലീസുകാര്‍ക്കു മോന്‍സനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയത് ഐജിക്കെതിരേ മാത്രമായിരുന്നു.