IndiaNEWS

ബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം. യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേ പ്രകാരം 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 22 ലോകനേതാക്കളെ മറികടന്നുകൊണ്ടാണ് മോദി ഒന്നാമതെത്തിയത്. ഈ വര്‍ഷം ജനുവരി 26 മുതല്‍ 31 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ സര്‍വെ’. ഓരോ രാജ്യത്തെയും ജനസംഖ്യക്ക് അനുസരിച്ച് സര്‍വെയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും മോര്‍ണിംഗ് കണ്‍സള്‍ട്ട് അറിയിച്ചു.

Signature-ad

ജോ ബൈഡന് 40 ശതമാനം വോട്ടാണ് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുക്രൈന്‍-റഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

”നൂറ്റാണ്ടുകളായി റഷ്യയും ഇന്ത്യയും ഒരുമിച്ച് നില്‍ക്കുകയാണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. സമാധാനത്തിന്റെ പാതയില്‍ പുരോഗതി കൈവരിക്കണമെന്ന്” മോദി പുടിനോട് പറഞ്ഞിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് അടുത്തിടെ വര്‍ധിച്ചിരുന്നു. ജനുവരി മൂന്നാം വാരത്തില്‍ ഇത് 79 ശതമാനമായി ഉയര്‍ന്നു. ജോ ബൈഡന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. 22 രാജ്യങ്ങളില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സിയോക്-യൂള്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തീവ്ര വലതുപക്ഷ നേതാവ് ഇറ്റലിയിലെ ജോര്‍ജിയ മെലോണി, രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് 58 ശതമാനം അംഗീകാരത്തോടെ നാലാം സ്ഥാനത്തും എത്തിയിരുന്നു. ബ്രസീലിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ 50 ശതമാനം റേറ്റിംഗുമായി അഞ്ചാം സ്ഥാനത്തും കനേഡിയന്‍ പ്രധാനമന്ത്രി 40 ശതമാനം അംഗീകാരത്തോടെ 9-ാം സ്ഥാനത്തും യുകെയുടെ പ്രധാനമന്ത്രി ഋഷി സുനക് 30 ശതമാനം അംഗീകാരത്തോടെ 12-ാം സ്ഥാനത്തുമാണ്.

Back to top button
error: