ടാങ്ക് നിറയെ ഇന്ധനം അടിച്ചാൽ വാഹനം കത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ഇത് വിശ്വസിക്കരുതെന്നും നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധി വരെ ഇന്ധനം നിറയ്ക്കാമെന്നും ഐ.ഒ.സി.
കൊച്ചി: ഇന്ധനം ടാങ്ക് നിറയെ അടിച്ചാല്‍ കൊടുംചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് എണ്ണക്കമ്പനിയുടെ പേരിലുള്ള വ്യാജസന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ രംഗത്തെത്തി. കണ്ണൂരില്‍ അടക്കം ഓടിക്കൊണ്ടിരുന്ന കാറുകള്‍ കത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വ്യാജസന്ദേശം പ്രചരിക്കുന്നത്. ഈ സന്ദേശം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് വ്യാജസന്ദേശത്തിലുള്ളത്. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനല്‍കുക. പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈ സന്ദേശം മറ്റുള്ളവര്‍ക്ക് അയക്കാനും നിര്‍ദേശിക്കുന്നതാണ് പ്രചരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും അടക്കം വിവിധ ഭാഷകളിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
എന്നാല്‍ ഇത് വ്യാജസന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധി വരെ ഇന്ധനം നിറയ്ക്കാം. വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്ന് ഇന്ധന ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വാഹന വിദഗ്ധര്‍ നിര്‍ദേശിച്ചു.