ചെന്നൈ: തമിഴ്നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിയമ്മാള്‍ (60), രാജാതി (62), നാഗമ്മാള്‍ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്.
തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമായിരുന്നു സംഭവം. തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചുക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് തിരുപ്പത്തൂര്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ സാരി വിതരണം നടത്തിയ വ്യവസായിയായ അയ്യപ്പനെന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തമിഴ് മാസമായ തൈമാസത്തിലെ പൗര്‍ണമിയിലാണ് തൈപ്പൂയം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി വസ്ത്ര വിതരണം നടക്കാറുണ്ട്.