IndiaNEWS

ജോഷിമഠിനു പിന്നാലെ കശ്മീരിലും ഭൂമി ഇടിഞ്ഞുതാഴുന്നു, വീടുകള്‍ക്ക് വിള്ളല്‍; ആളുകളെ ഒഴിപ്പിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതർ

പരിശോധനയ്ക്ക് വിദഗ്ധ സംഘം

ശ്രീനഗര്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിനു പിന്നാലെ ജമ്മു കശ്മീരിലെ ദോഡ ജില്ലയിലും ഭൂമി ഇടിഞ്ഞു താഴുന്നത് ആശങ്കയുണ്ടാക്കുന്നു. നായ് ബസ്തി ഗ്രാമത്തിലെ 19 വീടുകളിലും ഒരു പള്ളിയിലും, ഒരു മദ്രസയും ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്. വിള്ളലുകള്‍ കാണപ്പെട്ട 19 വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും മറ്റുബന്ധുക്കളുടെ വീടുകളിലാണ് കഴിയുന്നത്.

ജോഷിമഠ്

കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ ആദ്യം കെട്ടിടത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബറില്‍ ഒരു വീട്ടില്‍ മാത്രമാണ് വിള്ളലുകള്‍ കണ്ടെതെങ്കില്‍ ഇപ്പോള്‍ പ്രദേശത്ത് നിരവധി വീടുകളിലാണ് വിള്ളലുകള്‍ കാണുന്നത്. ജില്ലാഭരണകൂടവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ വിദഗ്ധ സമിതിയെ പ്രദേശത്തേക്ക് അയച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Signature-ad

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിശേഷ് മഹാജന്‍ പറഞ്ഞു. താത്രി മുനിസിപ്പല്‍ പ്രദേശത്തെ നായ് ബസ്തി ഗ്രാമത്തില്‍ അമ്പതോളം വീടുകളാണ് ഉള്ളത്. വിള്ളലുകള്‍ കാണപ്പെട്ട വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭൂമി താഴാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും താത്രി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അതര്‍ അമീന്‍ പറഞ്ഞു. റോഡുകളുടെ നിര്‍മാണം, വെള്ളക്കെട്ട് തുടങ്ങിയ നിരവധി ഘടകങ്ങളാകാം ഭൂമി പിളരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉത്തരാഖണ്ഡില ചെറുപട്ടണമായ ജോഷിമഠില്‍ അറുന്നൂറിലേറെ വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. കെട്ടിടങ്ങളില്‍ പലതും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. ബദ്രിനാഥ്, ഔല തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കെത്തുന്നവരുടെ പ്രധാന ഇടത്താവളമായിരുന്നു ജോഷിമഠ്. പ്രദേശത്തെ നിരവധി ഹോട്ടല്‍ കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചുമാറ്റിയിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍മാണങ്ങളാണ് ജോഷിമഠിലെ ദുരന്തത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ ഈ പ്രകൃതി ദുരന്തം ബാധിച്ചിട്ടുണ്ട്.

Back to top button
error: