തൃശൂര്‍: വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് നിലനിര്‍ത്തി ഇന്ധന സെസ് പിരിച്ചാല്‍ സമരമെന്നു സ്വകാര്യബസുടമകളുടെ മുന്നറിയിപ്പ്. ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തിയത്. ഡീസലിന്റെ വിലവര്‍ധന സര്‍വത്ര വിലക്കയറ്റമുണ്ടാക്കും. അറ്റകുറ്റപ്പണികളുടെ നിരക്കും വര്‍ധിക്കും. ഇതോടെ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ഡീസലിന്റെ സെസ് പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എസ്. പ്രേംകുമാര്‍, ട്രഷറര്‍ ഹംസ ഏരിക്കുന്നേന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നു ഓള് കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് വ്യക്തമാക്കി.
ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം നികുതിയായി ഈടാക്കുന്നത് 19 രൂപയാണ്. സംസ്ഥാനം ഈടാക്കുന്നത് 30 %. ഇത് ഏകദേശം 25 രൂപ വരും. ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ അഡീഷണല്‍ ടാക്സും റോഡ്സെസ് എന്ന പേരില്‍ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു. ഇതിനൊപ്പമാണ് ഇനി സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാന സെസ് മാത്രം മൂന്നര രൂപയോളമാകും. ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത്. ഇതിനൊപ്പമാണ് ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസും പിരിക്കുന്നതെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി.