KeralaLIFENEWSTravel

സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ; രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 64879 പേര്‍ 

ഇടുക്കി: സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ മാറുന്നു. രണ്ടു മാസത്തിനിടെ ഡാമുകൾ സന്ദർശിച്ചത് 64879 പേരാണ്. ഡിസംബര്‍ മാസത്തില്‍ 35,822 പേരും ജനുവരിയില്‍ 29057 പേരും അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. രണ്ട് മാസങ്ങളിലായി 38 ലക്ഷം രൂപ ഈയിനത്തില്‍ വരുമാനമായി ലഭിച്ചു.

ബഗി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അണക്കെട്ട് സന്ദര്‍ശിക്കാനുള്ള അനുമതി മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായ സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.

Signature-ad

മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി 600 രൂപയാണ് ബഗി കാര്‍ വാടക. ചെറുതോണി-തൊടുപുഴ പാതയില്‍ വെള്ളാപ്പാറയിലെ കവാടത്തിലൂടെയാണ് അണക്കെട്ടിലേക്കുള്ള പ്രവേശനം. പോകുന്ന വഴിക്ക് ഹില്‍ വ്യൂ പാര്‍ക്കും സന്ദര്‍ശിക്കാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് അണക്കെട്ട് കാണുന്നതിനും ബഗികാര്‍ യാത്രയ്ക്കുമുള്ള ടിക്കറ്റ് കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് സൗകര്യവും സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. വര്‍ഷം മുഴുവന്‍ ഈ സൗകര്യം ലഭ്യമാണ്. യാത്രക്കാരുടെ എണ്ണം കുറവുള്ളപ്പോള്‍ ഉപയോഗിക്കുന്നതിനായി 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് ഏര്‍പ്പെടുത്തിയാല്‍ ഏറെ സൗകര്യപ്രദമാണെന്ന് ജീവനക്കാര്‍ പറയുന്നു. ശരാശരി 150 നും 200 നും ഇടയില്‍ ആളുകള്‍ നിത്യവും ഇടുക്കി ജലാശയത്തില്‍ ബോട്ട് യാത്ര നടത്തുന്നുണ്ട്.

Back to top button
error: