കോഴിക്കോട്: വാടക വീട്ടിനുള്ളിൽ ജനൽവഴി പെട്രോൾ ഒഴിച്ച് ഭാര്യയെയും മക്കളെയും രണ്ടര വയസ്സുള്ള പേരക്കുട്ടിയെയും തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടമ്പുഴ കള്ളിവളവ് മാണക്കഞ്ചേരിയില്‍ ഷാഹുല്‍ ഹമീദ് എന്ന ഉവി (45) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഭാര്യയും മക്കളും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തി ജനൽപൊളി തകർത്ത് പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോള്‍ ഹാളിലേക്ക് ഒഴിക്കുകയായിരുന്നു. മുറികൾക്കുള്ളിൽ കിടക്കുകയായിരുന്ന മക്കളുടെ ശരീരത്തിലും പെട്രോൾ വീണു. തീപ്പെട്ടിയും ഇയാളുടെ കൈവശമുണ്ടായിരുന്നു.
ഭാര്യയും മക്കളും ബഹളം വെക്കുകയും ഇതുകണ്ട് പുറത്തേക്ക് ഓടിയെത്തിയ 15 വയസ്സുകാരനായ മകൻ തീ കത്തിക്കാനുള്ള ശ്രമം തടയുകയായിരുന്നു. തീ കത്തിയിരുന്നെങ്കിൽ ഓടിട്ട വീട്ടിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടി. പിന്നീട് ഫറോക്ക് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് വാടകവീട്ടിൽ കത്തിയുമായെത്തി വഴക്കിട്ടിരുന്നു. മനഃപൂർവമായ നരഹത്യശ്രമത്തിന് കേസെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫറോക്ക് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്, സി.പി.ഒ കെ. സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.