KeralaNEWS

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീ പീഡനവും പണം തട്ടലും: ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായ സിനിമാ നിർമാതാവ് പിടിയിൽ

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മുക്കാൽ കോടിയിലധികം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു എന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന തൃശ്ശൂർ നടത്തറ സ്വദേശി മാർട്ടിൻ സെബാസ്റ്റ്യനെ (57) യാണ് സെൻട്രൽ പൊലീസ് അറസ്റ്റ്‌ ചെയ്തത്.

1990കളിൽ വിവാദമായ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിൽ പ്രതിയായ വ്യക്തിയാണ് മാർട്ടിനെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം എന്ന കോടതി നിർദേശത്തെ തുടർന്നാണ് സെൻട്രൽ സ്റ്റേഷനിലെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Signature-ad

2000 മുതൽ 2022 ഓഗസ്റ്റ് വരെ എറണാകുളം, വയനാട്, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനവും ചെയ്തായിരുന്നു പീഡനം. കൂടാതെ 78.6 ലക്ഷം രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്‌.

ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിൽ മാർട്ടിനും സഹോദരങ്ങളും ചേർന്ന് സൂര്യനെല്ലി പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ആസ്ഥാനമായി തുടങ്ങിയിരുന്നു. ആയിരം രൂപ മുടക്കുന്നവർക്ക് 20 വർഷത്തിനു ശേഷം ഒരു ലക്ഷം രൂപയോ 20 ക്യുബിക്‌ അടി തേക്കോ നൽകുമെന്ന് പരസ്യം ചെയ്ത് കോടിക്കണക്കിനു രൂപ പിരിച്ചെടുത്തതായാണ് കേസ്.

Back to top button
error: