അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ളത് സഖ്യമല്ല സീറ്റ് ധാരണമാത്രമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
”സംസ്ഥാനത്തിന്റെ വിശാല താത്പര്യത്തിന് വേണ്ടി ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ആര്.എസ്.എസ്. നിയന്ത്രിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ബി.ജെ.പിയുടേത്. ത്രിപുരയില്‍ ജനാധിപത്യം കടുത്ത ആക്രമണം നേരിടുകയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ അപഹരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി. സര്‍ക്കാരിനെ താഴയിറക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശവുമായി എല്ലാ മതേതര പാര്‍ട്ടികളേയും ഞങ്ങള്‍ സമീപിച്ചു. കോണ്‍ഗ്രസ് ഇതിനോട് പോസിറ്റീവായി പ്രതികരിക്കുകയായിരുന്നു”- സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മണിക് സര്‍ക്കാര്‍ മറുപടി പറഞ്ഞു.
സഖ്യത്തില്‍ അനുവദിച്ച 13 സീറ്റുകള്‍ക്ക് പുറമേ നാല് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ എതിരഭിപ്രായം അവരുടെ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഇതിനുള്ളില്‍ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് തുടരാന്‍ അനുവദിച്ചാല്‍ വലിയ പ്രശ്നമാവുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രചാരണത്തിന് ഏകോപനം നല്‍കാനും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുമാണ് താന്‍ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും രണ്ടുപതിറ്റാണ്ട് കാലം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.