ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലെ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. 221 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങളില്‍ നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, പള്ളിക്കുള്ളില്‍ എത്തിയ ചാവേറിന്റേതെന്ന് സംശയിക്കുന്നയാളുടെ തല കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് പോലീസ് ആസ്ഥാനത്തുള്ള പള്ളിയില്‍ സ്ഫോടനം നടന്നത്. ചാവേര്‍ പോലീസിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാകും പള്ളിയില്‍ കടന്നുകൂടിയതെന്ന് സംശയിക്കുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നു വീണിരുന്നു.
പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ടിടിപി കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനിയുടെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ടിടിപി അറിയിച്ചു.