CrimeNEWS

തട്ടിക്കൊണ്ടുവന്ന യുവാവിനെ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ ബന്ദിയാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂര്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച
സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജിവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുറി നല്‍കിയത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണം.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതികള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി അനുവദിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് സാധാരണ മുറി അനുവദിക്കുന്നത്. എന്നാല്‍, പ്രതികള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തിയില്ല. പ്രതികള്‍ക്ക് മുറി നല്‍കിയത് റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനാണ്. പ്രതികളില്‍ ഒരാളുമായി ജീവനക്കാരന് പരിചയം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ സമയത്തേക്ക് വിശ്രമിക്കാനെന്ന പേരിലാണ് പ്രതികള്‍ക്ക് മുറി നല്‍കിയത്.

Signature-ad

കേസില്‍ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശി പ്രതീഷ്, പത്തനംതിട്ട സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി അക്ബര്‍ ഷാ, എറണാകുളം പനമ്പള്ളി നഗറിലെ സ്വദേശികളായ സുബിഷ്, തേവര സ്വദേശി ലിജോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസിനെയും ഭാര്യയെയും ഒരു സംഘം കാറില്‍ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിന്‍ഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. ഭര്‍ത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇന്‍ഫോപാര്‍ക്ക് പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തിനിടിയല്‍ പ്രതികള്‍ ലിബിനിന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇന്‍ഫോ പാര്‍ക്ക് നടത്തിയ അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസാണ് അക്രമി സംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി.

ഇന്‍ഫോപാര്‍ക്ക് പോലീസ് നല്‍കിയ വിവരത്തിന് പിന്നാലെ അടൂര്‍ പോലീസ്, റസ്റ്റ് ഹൗസിലെത്തി ലിബിന്‍ വര്‍ഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂര്‍ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് യുവാവ് മൊഴി നല്‍കി. തലയോട്ടിക്ക് അടക്കം പരുക്കേറ്റ ലിബിനിനെ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളില്‍ ചിലരുമായി മര്‍ദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വില്‍പ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തര്‍ക്കത്തിന് കാരണം.

Back to top button
error: