പേരുപോലെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഋ തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു വൈദീകൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ഋ. ഒരൊറ്റ അക്ഷരം മാത്രം പേരുള്ള ആദ്യത്തെ മലയാളം സിനിമ എന്നീ കൗതുകങ്ങൾക്ക് അപ്പുറമായി ഈ വർഷത്തെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ജെ.സി. ഡാനിയേൽ ഫൗണ്ടെഷന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം എന്നീ ബഹുമതികൾ കൂടി കരസ്ഥമാക്കിയാണ് ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രം തിയറുകളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച ഡോ.ജോസ് കെ.മാനുവലിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ് ശിവ ആദ്യമായി ക്യാമറ നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
വില്യം ഷേക്സ്പിയർ രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാ. വർഗീസ് ലാൽ. ഋ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലചിത്രതാരങ്ങളായ രാജീവ് രാജൻ, നയന എൽസ, തിരക്കഥാകൃത്ത് ജോസ് കെ. മാനുവൽ, നിർമാതാവ് ഡോ.ഗിരീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
‘‘മലയാളത്തിലെ മാറ്റി നിർത്തപ്പെട്ട ഒരു അക്ഷരം പോലെയാണ് ‘ഋ’. എന്നാൽ മലയാളത്തിൽ സ്വന്തമായി അർഥമുള്ള ഒരു അക്ഷരം ‘ഋ’ ആണ്. സ്വർഗം എന്നാണ് അതിന്റെ അർഥം. സിനിമയ്ക്ക് എന്തുകൊണ്ടാണ് ഈ പേര് വന്നതെന്നു ചോദിച്ചാൽ, ഇതിലെ നായകന്റെ പേര് ഋഷി എന്നാണ്. അതിന്റെ ഒരു സൂചനയെന്ന നിലയിലും ഭാഷാപരമായ പ്രത്യേകതകൾ പരിഗണിച്ചുമാണ് ഇങ്ങനെയൊരു ടൈറ്റിൽ തീരുമാനിച്ചത്. മലയാളത്തിലെ ആദ്യ ഒറ്റ അക്ഷര സിനിമയുമാകും ‘ഋ’ എന്നു തോന്നുന്നു. ഫാ. വർഗീസ് ലാൽ പറഞ്ഞു. സിനിമ ചെയ്യുന്നു എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ട്. എന്റെ കാഴ്ചപ്പാടിൽ കലയില്ലാതെ ഒരു മതവുമില്ല. മതത്തിൽ കലയില്ലെങ്കിൽ അതു വളരെ വിരസമാകും. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് കലയും മതവും. കലയും ഈശ്വരനെ അറിയാനുള്ള ഒരു വലിയ മാർഗമാണ്. മത ജീവിതത്തിൽ കലയ്ക്കും ഇടം വേണം അദ്ദേഹം പറഞ്ഞു.
പ്രണയത്തോടൊപ്പം വർണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ജോസ് കെ. മാനുവൽ പറഞ്ഞു. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണിത്. നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ ദേശീയ പുരസ്കാരം നേടിയ കളിയാട്ടം ആണ്. പ്രണയത്തിനും ചതിക്കും ഒപ്പം ശക്തമായ ദളിത് രാഷ്ട്രിയം കൂടി സിനിമ പറഞ്ഞു വെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ ടിക്കറ്റ് കൊടുത്തിരുന്ന തിയറ്റിന്റെ വലിയ സ്ക്രീനിൽ ഇന്ന് തന്റെ ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ ഏറെ സന്തോഷമുണ്ടെന്ന് നായകൻ രാജീവ് രാജൻ പറഞ്ഞു. ഇതുവരെ ചെയ്തിരുന്നത് ചെറിയ റോളുകൾ മാത്രമായിരുന്നു. വെറും സെക്കൻഡുകൾ മാത്രമുള്ള സീനുകളായിരുന്നു. ആദ്യമായിട്ടാണ് ഇതുപോലൊരു പ്രധാന വേഷം ലഭിക്കുന്നത്. അതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേര് കേട്ട താര നിരയില്ലെങ്കിൽ കൂടി അഭിനേതാക്കളെല്ലാം തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. പരിമിതികൾക്ക് ഉള്ളിൽ നിന്നും കൊണ്ട് പോലും സാങ്കേതിക വശങ്ങളിൽ വിട്ട് വീഴ്ചകൾക്ക് തയ്യാറാവാതെ സിനിമയെ മനോഹരമാകുന്നതിൽ സിദ്ധാർഥ് ശിവയുടെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ എഡിറ്റിംഗ് ടേബിളിൽ അദ്ദേഹം കാണിച്ച സൂക്ഷ്മത മൂലം സിനിമയിൽ ഒരിടത്തു പോലും ഇഴച്ചിൽ അനുഭവപ്പെട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. സംവിധാനം ചെയുന്നത് ഒരു വൈദീകൻ ആയതു കൊണ്ട് ഒരാത്മീയ പടം ആണെന്ന് പലരും കരുതിയെക്കാം എന്നാൽ വാണിജ്യ സിനിമയിൽ വേണ്ട ചേരുവകൾ എലാം കോർത്തു ഇണക്കിയ ചെറിയ ബഡ്ജ്റ്റിൽ ഒരുക്കിയ ഒരു നല്ല ചിത്രമാണ് ഋ. പ്രകൃതി വിരുദ്ധതയും ഇല്ല, കേട്ടാലറയ്ക്കുന്ന തെറിയും ഇല്ല. ഇതിൽ സാമൂഹികപ്രസക്തിയുള്ള ആനുകാലിക വിഷയങ്ങൾ മാത്രം. ധൈര്യസമേതം എല്ലാവർക്കും ഒരുപോലെ കാണാം. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്.
എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റ്ഴ്സ് അധ്യാപകൻ ഡോ.ജോസ് കെ.മാനുവലിന്റേതാണ് തിരക്കഥ. വിശാൽ ജോൺസണിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഷേക്സ്പിയർ ആർട്സിന്റെ ബാനറിൽ ഡോ.ഗിരീഷ് കുമാർ, ജോർജ് വർഗീസ്, മേരി ജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ, രാജീവ് രാജൻ, നയന എൽസ, ഡെയിൻ ഡേവിസ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രതീപ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.