ന്യൂഡല്‍ഹി: നോട്ട് നിരോധനം കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍, പാര്‍ലമെന്റിനെ മറികടക്കാന്‍ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്‌ന പറയുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട വ്യവസായത്തെ തകര്‍ത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാര്‍ലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം, നോട്ട് നിരോധനം ശരിവെച്ച സുപ്രിം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി.ജെ.പി യുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി? സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി? 15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്. മോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണം. മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്‌കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 58 ഹര്‍ജികളാണ് പരിഗണിച്ചത്. 2016 നവംബര്‍ 8നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.