KeralaNEWS

സോളാര്‍ കേസ് എല്ലാവര്‍ക്കും പാഠം; തെളിവില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി: കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. അഞ്ച് മുതിര്‍ന്ന നേതാക്കളെ കള്ളക്കേസ് ചുമത്തി സി.പി.എം. അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് തള്ളിപ്പോകുന്നതില്‍ അതിശയമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും പ്രതികരിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ കേസിലെ സിബിഐ കണ്ടെത്തല്‍ എല്ലാവര്‍ക്കും പാഠമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും പ്രതികരിച്ചു.

നിയമപരമായ എല്ലാ അന്വേഷണങ്ങളും നടത്തി ഒരു തെളിവുമില്ലാത്ത കേസാണ് ഇതെന്ന് സി.ബി.ഐ. തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ആരോപണ വിധേയരായ നേതാക്കളോടും അവരുടെ കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണം. ഉന്നതരായ രാഷ്ട്രീയ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ.സി. ജോസഫും രംഗത്തെത്തി. ഇല്ലാത്ത കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഇന്ന് സ്വന്തം പാര്‍ട്ടിയിലെ കൂരമ്പുകള്‍ ഏറ്റുവാങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ കേസും പരാതിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പക്ഷേ, സത്യത്തിന്റെ മുഖം മൂടിവയ്ക്കാന്‍ കഴിയില്ലന്ന് തെളിഞ്ഞു. സോളാര്‍ കേസിലെ വിധി എല്ലാവര്‍ക്കും പാഠമാണന്നും കെ.സി. ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ സംശയത്തില്‍ നിഴലില്‍ നിര്‍ത്താനും കളങ്കിതനാക്കാനുമുള്ള ബോധപൂര്‍വമായ ഗൂഢാലോചനയായിരുന്നു സോളാര്‍ കേസ്. ആദ്യഘട്ടം മുതല്‍ തന്നെ വളരെ നിര്‍ഭയമായാണ് ഉമ്മന്‍ ചാണ്ടി ഈ കേസിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ഷുഹൈബ് വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ കടുത്ത നിലപാടെടുത്തവരാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ സി.ബി.ഐ. അന്വേഷണത്തിനായി വെള്ളക്കടലാസില്‍ പരാതി എഴുതി വാങ്ങിയത് മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. ഇക്കാര്യത്തില്‍ ഇനി ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.സി. ജോസഫ് പറഞ്ഞു.കോട്ടയം ജില്ലയിലെ നിലവിലുണ്ടായ പോസ്റ്റര്‍ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് പേരും ചിത്രവും നല്‍കാഞ്ഞത്. ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്ക് ആരുടേയും സംരക്ഷണം വേണ്ടന്നും കെ.സി. ജോസഫ് പറഞ്ഞു

 

Back to top button
error: