അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞത് അല്ല പുറത്ത് വന്നത്; ദിലീപ് കേസിലെ മൊഴിയെക്കുറിച്ച് ബിന്ദു പണിക്കര്‍
മലയാള സിനിമാ ഇന്റസ്ട്രിയെ അടിമുടി ഉലച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസില്‍ ജനപ്രിയ നായകന് ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് മലയാള സിനിമയിലെ നടീ – നടന്മാരുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും ഒക്കെ ഒരു നീണ്ട സാക്ഷി പട്ടികയാണ് കണ്ടത്. അതിലൊരു സാക്ഷിയായിരുന്നു നടി ബിന്ദു പണിക്കരും. ബിന്ദു പണിക്കര്‍ ആദ്യം പോലീസിന് കൊടുത്ത മൊഴി പിന്നീട് മാറ്റി പറഞ്ഞു എന്നൊക്കെ വാര്‍ത്തകളുണ്ടായി. വിഷയത്തില്‍ ആദ്യമായി ബിന്ദു പണിക്കര്‍ പ്രതികരിച്ചു.
ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കര്‍, ദിലീപ് കേസിനെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ താന്‍ എങ്ങിനെയാണ് ഈ സാക്ഷി പട്ടികയില്‍ വന്നത് എന്ന് പോലും അറിയില്ല എന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ”ഒരു പക്ഷേ ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചത് കൊണ്ടാവാം തന്നെ സാക്ഷിയാക്കിയത്.
എന്നാല്‍, ഞാന്‍ പോലീസിന് കൊടുത്ത മൊഴിയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല പുറത്ത് വന്നത്. അത് എങ്ങിനെയാണ് ഇങ്ങനെ മാറ്റി പറയുന്നത്. അതെങ്ങിനെ പുറം ലോകം അറിയും എന്ന് അറിയില്ല” -ബിന്ദു പണിക്കര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് ബിജു പൗലോസിനെ പരിയപ്പെട്ടതിനെ കുറിച്ചും ബന്ദു പണിക്കര്‍ പറയുന്നുണ്ട്. ടിവിയില്‍ ഒക്കെ കാണാം എന്നല്ലാതെ എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയില്ലായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരിക്കൊപ്പം ലുലുമാളില്‍ പോയപ്പോഴാണ് ആദ്യമായി ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കാണുന്നത്. അന്ന് പരിചയപ്പെട്ടു. പിന്നീട് തന്നെയും സാക്ഷി പട്ടികയില്‍ പെടുത്തുകയായിരുന്നുവെന്നു ബിന്ദു വ്യക്തമാക്കി.
ആദ്യം ബിന്ദു പണിക്കര്‍ നടിക്ക് അനുകൂല മൊഴിയാണ് നല്‍കിയത്. പിന്നീട് വിചാരണ കോടതിയില്‍ കൂറുമാറി, ദിലീപിന് അനുകൂലമായ മൊഴി നല്കി എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. ബിന്ദു പണിക്കര്‍ക്കു പുറമെ ഇടവേള ബാബു, ഭാമ തുടങ്ങി നിരവധി താരങ്ങളും കൂറുമാറിയതായി ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.