Breaking NewsKeralaNEWSpolitics

ബൂത്തിനു മുന്നി ചക്ക പറിക്കാൻ നിൽക്കുന്ന ആന! വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നും ഈ ചിഹ്നങ്ങളെ ഒളിപ്പിക്കാനുള്ള പെടാപാടിൽ പോളിങ് ഓഫീസർമാർ

അന്നമനട (തൃശ്ശൂർ): രണ്ട് കാലും തുമ്പിക്കൈയും ഉയർത്തി ചക്ക പറിക്കാൻ നിൽക്കുന്ന ആനയുടെയും ചക്കയുടെയും ശില്പം അന്നമനടയിലെ സ്കൂൾ കവാടത്തിലെ ആകർഷണീയ കാഴ്ചയാണ്. എന്നാൽ, സ്‌കൂൾമുറ്റത്തെ ഈ ചക്കയും ആനയും ബാലറ്റിൽ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് അധികാരികൾക്ക് ഈ ശില്പം പൊല്ലാപ്പായി . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കേണ്ട സ്‌കൂൾ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനിൽക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാർ.

ചക്ക ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം പക്ഷേ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാൽ, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂൾവളപ്പിലെ ഗേറ്റിൽത്തന്നെയാണ്. നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയിൽ ഈ ആനയും ചക്കയും ഒളിപ്പിച്ചേ മതിയാകൂ. അടുത്തകാലത്താണ് സ്‌കൂളിൽ സിമന്റ് ഉപയോഗിച്ച് ഈ ശില്പം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: