Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSportsTRENDING

സഞ്ജു ബാറ്റ് എടുക്കുമ്പോഴെല്ലാം റണ്‍ മെഷീന്‍ ആകില്ല, ആരും എഴുതി തള്ളുകയും വേണ്ട; പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജു സാംസണിന്റെ കളി കാണാന്‍ വാനോളം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കളി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം കാണാതെ സഞ്ജു മടങ്ങിയതോടെ വിമര്‍ശകരും ഒരറ്റത്ത് നിന്ന് തലപൊക്കിത്തുടങ്ങി. ആറും, ഏഴുമാണ് ഇതുവരെയുള്ള രണ്ട് കളികളിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് കളിയിലും ചെന്നൈയും തോറ്റു. ഇതോടെ താരത്തിന് സ്ഥിരതയില്ലെന്ന ആക്ഷേപം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്.

എന്നാല്‍ വിമര്‍ശിക്കുന്നവര്‍ തല്‍കാലം അടങ്ങണമെന്നും ബാറ്റെടുക്കുമ്പോളെല്ലാം സഞ്ജു തകര്‍ത്തടിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നൈയുടെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി. ‘സഞ്ജു എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. സഞ്ജുവിന് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ സഞ്ജു നല്ല ഫോമിലാണ്. നന്നായി പരിശീലനം നടത്തുന്നു. താളം കണ്ടെത്തിയാല്‍ കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള താരമാണ് സഞ്ജു. രണ്ട് ഇന്നിങ്‌സ് കൊണ്ട് ആരും വിലയിരുത്താന്‍ നില്‍ക്കേണ്ടതില്ല’ ഫ്‌ലെമിങ് വ്യക്തമാക്കി.

Signature-ad

രാജസ്ഥാനെതിരെ സീസണിലെ ആദ്യ മല്‍സരത്തില്‍ ബര്‍ഗറിന് മുന്നിലാണ് ആറു റണ്‍സെടുത്ത സഞ്ജു വീണത്. ഏഴു പന്തില്‍ നിന്ന് ഏഴ് റണ്‍സെടുക്കുമ്പോള്‍ സേവ്യര്‍ ബാര്‍ട്?ലറ്റും സഞ്ജുവിനെ പുറത്താക്കി. രണ്ടിങ്‌സുകളിലുമായി ആകെ 13 റണ്‍സ്. 6.5 ആണ് ശരാശരി. സഞ്ജുവിനെ സംബന്ധിച്ച് ചെപ്പോക്ക് ഭാഗ്യ ഗ്രൗണ്ടുമല്ല. ചെപ്പോക്കില്‍ കളിച്ച ആറുമല്‍സരങ്ങളില്‍ നിന്ന് വെറും 66 റണ്‍സാണ് സഞ്ജുവിന്റെ സ്‌കോര്‍. പൂജ്യത്തിനും താരം പുറത്തായിട്ടുണ്ട്. ചെന്നൈ ക്യാംപിനുള്ളില്‍ സഞ്ജുവിന്റെ ഫോം ആശങ്കയുണ്ടാക്കുന്നുവെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു. സഞ്ജുവിന്റെ കരിയറിലുടനീളം ഈ കയറ്റിറക്കങ്ങള്‍ സാധാരണമായിരുന്നുവെന്നാണ് മുന്‍താരങ്ങളും വിലയിരുത്തുന്നത്.

അഞ്ചുവട്ടം ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈക്ക് സീസണിന്റെ തുടക്കം നിരാശാജനകമാണ്. 210 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും ചെന്നൈക്ക് പഞ്ചാബിനെ തളയ്ക്കാനായില്ല. കഴിഞ്ഞ സീസണില്‍ ചെപ്പോക്കില്‍ ഒരു കളിയില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒടുവിലായാണ് ചെന്നൈയുടെ സ്ഥാനം. നാളെ ആര്‍സിബിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മല്‍സരം.

#SanjuSamson, #StephenFleming, #ChennaiSuperKings, #CSK, #IPL2026, #SanjuAtCSK, #CricketNews, #IPLUpdates, #MalayalamCricket, #SanjuSamsonFans, #Chepauk, #RCBvsCSK, #CricketAnalysis, #IndianPremierLeague, #SportsNews, #DailyhuntMalayalam, #TrendingCricket, #IPLScore, #SanjuSamsonForm, #CricketViral

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: