തിരുവനന്തപുരം: ഇ.പി. ജയരാജനെതിരേ പി. ജയരാജന് ഉന്നയിച്ച ആരോപണം സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ മുന്നിലെത്തുന്നു. തിങ്കളും ചൊവ്വയും ചേരുന്ന പൊളിറ്റ്ബ്യൂറോ യോഗം പ്രശ്നം പരിശോധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരേ സംസ്ഥാന കമ്മിറ്റിയംഗം ഉന്നയിച്ച ഗുരുതരമായ പരാതി പി.ബിക്ക് പരിശോധിക്കാതിരിക്കാന്‍ ആവില്ല. ജനുവരിയില്‍ ചേരാനിടയുള്ള സി.സിയിലും പ്രശ്നം ചര്‍ച്ചയ്ക്കുവരും. അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയാണ് ഇനി പാര്‍ട്ടിക്കുമുന്നിലുള്ള വഴി.
ഇ.പി. ജയരാജന് സി.സി. അംഗമായതിനാല്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചാവും തുടര്‍നടപടി. പരാതി ഉയര്‍ന്ന പാര്‍ട്ടിതലത്തിലുള്ള അന്വേഷണം നടന്നാല്‍, ആരോപിക്കപ്പെട്ട അംഗത്തിന്റെ ഘടകം അച്ചടക്കനടപടിയെടുക്കണമെന്നാണ് സി.പി.എമ്മിന്റെ സംഘടനാരീതി. അതുകൊണ്ട് ഇ.പി. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ സി.സിക്കാണ് അച്ചടക്കനടപടിക്കുള്ള അധികാരം.
റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയും പി.ബിയും ചര്‍ച്ചചെയ്തശേഷമേ, ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സി.സിക്ക് നടപടിയെടുക്കാനാവൂ. പരാതിയുടെ ഗൗരവം പി.ബി. പരിശോധിച്ചശേഷം, തുടര്‍നടപടിക്ക് സെക്രട്ടേറിയറ്റിനു നിര്‍ദേശം നല്‍കാം.