തൊടുപുഴ: അച്ഛന്‍ മരിച്ചെന്ന് മകന്‍ ഫെയ്സ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടതോടെ ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും എന്തുമറുപടി നല്‍കുമെന്ന് അറിയാതെ പിതാവ്. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത ഇന്നലെയാണ് 34 വയസുകാരനായ മകന്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആര്‍.ഐ.പി, ഐ മിസ് യു’ എന്നിങ്ങനെ വാചകങ്ങളും ചേര്‍ത്തിരുന്നു. ഇളയമകന്റെ വാട്സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് ‘തന്‍െ്‌റ മരണ വാര്‍ത്ത’ കോണ്‍ഗ്രസ് നേതാവ് അറിയുന്നത്. ഫെയ്സ്ബുക്കില്‍ നോക്കി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇടുക്കി ഡി.സി.സി പ്രസിഡന്റടക്കം അനുശോചന സന്ദേശം രേഖപ്പെടുത്തിയിരുന്നു.
കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്‍പ്പെടെ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്റെ കടുംകൈ എന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന സൂചന. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരേ പോലീസില്‍ പരാതി നല്‍കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാല്‍, പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം തീരുമാനം ഉപേക്ഷിച്ചു. അതേസമയം. തന്റെ ഫെയ്സ്ബുക് അക്കൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തതെന്നാണ് മകന്റെ വിശദീകരണം.