KeralaNEWS

സഹോദരങ്ങള്‍ വീട്ടില്‍നിന്നു പുറത്താക്കിയ വയോധിക അര്‍ധരാത്രിവരെ മുറ്റത്ത് കുത്തിയിരുന്നു

തിരുവനന്തപുരം: കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വയോധികയെ സഹോദരങ്ങള്‍ വീടിന് പുറത്താക്കി. 35 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്നും പോകാനാകില്ലെന്ന് ശഠിച്ച വയോധിക അര്‍ധരാത്രി വരെ വീട്ടുപടിക്കല്‍ കുത്തിയിരുന്നു. ഒടുവില്‍ സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് രാത്രി 11.30-യോടെ ഇവര്‍ക്ക് അയല്‍വാസി താമസസൗകര്യമൊരുക്കി.

വഞ്ചിയൂര്‍ കോടതിക്കു സമീപം മള്ളൂര്‍ റോഡ് കൃഷ്ണമന്ദിരത്തില്‍ പരേതനായ വിദ്യാധരന്റെ ഭാര്യ രാധ (82) യെയാണ് രണ്ട് സഹോദരങ്ങള്‍ പുറത്താക്കിയത്. അഞ്ചു സെന്റ് സ്ഥലത്തുള്ള വീടിന് ഇരുനിലകളുണ്ട്. മകന്‍ സുരേഷ്‌കുമാറും കുടുംബവുമൊത്ത് മുകളിലെ നിലയിലാണ് രാധ താമസിച്ചിരുന്നത്. വീടിന് അവകാശമുന്നയിച്ച് സഹോദരങ്ങള്‍ 16 വര്‍ഷമായി വഞ്ചിയൂര്‍ കോടതിയില്‍ കേസ് നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് രാധയുടെ കുടുംബത്തെ വീട്ടില്‍ നിന്നു ഒഴിപ്പിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ സാധനങ്ങളെല്ലാം മാറ്റി. എന്നാല്‍, വീടുവിട്ട് പോകാന്‍ കൂട്ടാക്കാതെ രാധ വാതിലിന് മുന്നില്‍ കസേരയിട്ടിരുന്നു.

Signature-ad

പോലീസും നാട്ടുകാരും നടത്തിയ ഒത്തുതീര്‍പ്പ് ശ്രമം ഫലംകണ്ടില്ല. ഇവരെ വീട്ടില്‍ കയറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് സഹോദരങ്ങള്‍ക്കുള്ളതെന്നും അറിയുന്നു. രാധയുടെ മകളായ ജീന അര്‍ബുദം ബാധിച്ച് ആര്‍.സി.സിയില്‍ ചികിത്സയിലാണ്. മറ്റൊരു മകളായ സിന്ധു സഹോദരിയുടെ ചികിത്സയ്ക്ക് സഹായിയായി നില്‍ക്കുന്നു. ഈ അവസ്ഥയില്‍ രാധയെ മറ്റൊരിടത്തേക്കും മാറ്റാന്‍ കഴിയില്ലെന്നാണ് മകന്‍ പറയുന്നത്.

 

 

 

Back to top button
error: