പട്‌ന: കോഴിക്കോട്ടു നിന്ന് അതിഥിതൊഴിലാളിയുടെ മൃതദേഹവുമായി ബിഹാറിലേക്കു വരികയായിരുന്ന ആംബുലന്‍സിനു നേരെ വെടിവയ്പ്.
മധ്യപ്രദേശിലെ റേവയിലാണ് സംഭവം. കോഴിക്കോട് ഫറൂഖില്‍ ട്രെയിന്‍ തട്ടിമരിച്ച ബിഹാര്‍ പുര്‍ണിയ സ്വദേശി അന്‍വറുള്‍ ഹഖിന്റെ (20) മൃതദേഹവുമായി കോഴിക്കോട്ടുനിന്നു പുര്‍ണിയയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്.
ശനിയാഴ്ച രാവിലെ 11.15ന് ദേശീയപാതയില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലന്‍സിന്റെ മുന്നിലുള്ള ചില്ലു തകര്‍ന്നെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇരുപതു കിലോമീറ്ററോളം പിന്നിട്ട് ജനവാസമുള്ള സ്ഥലത്തെത്തിയാണ് ആംബുലന്‍സ് നിര്‍ത്തിയത്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സ്റ്റേഷന്‍ പരിധിയിലല്ലെന്ന കാരണത്താല്‍ കേസെടുക്കാന്‍ തയാറായില്ല.
കോഴിക്കോട് സ്വദേശികളാണ് രണ്ടു ഡ്രൈവര്‍മാരാണ് ആംബുലന്‍സിലുള്ളത്. പന്നിയങ്കര വാകേരി പറമ്പ് സജിത മന്‍സിലില്‍ ടി.ഫഹദും മാത്ര എംജി.നഗര്‍ ശങ്കരോത്ത് ഹൗസില്‍ സി.രാഹുലും. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നു കരുതുന്നു. തകര്‍ന്ന ചില്ലുകള്‍ നീക്കം ചെയ്‌തെങ്കിലും പകരം വിന്‍ഡ്ഷീല്‍ഡ് ലഭിച്ചിട്ടില്ല. ആംബുലന്‍സില്‍ വിന്‍ഡ്ഷീല്‍ഡ് ഇല്ലാതെ യാത്ര തുടരുകയാണു ഡ്രൈവര്‍മാര്‍.