KeralaNEWS

കോതി മാലിന്യ പ്ലാന്റ് നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാരും യു.ഡി.എഫും, പിന്മാറില്ലെന്ന് മേയര്‍

കോഴിക്കോട്: കോതിയില്‍ ശൗചാലയ മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വീണ്ടും തുടങ്ങും. പ്രദേശവാസികള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവൃത്തികള്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും പണി തുടങ്ങിയാല്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അറസ്റ്റിലായ നാട്ടുകാരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. സമരത്തിന് യു.ഡി.എഫ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് പ്രതിഷേധിച്ചിരുന്നു. എന്ത് വിലകൊടുത്തും ജനവാസ മേഖലയിലെ പ്ലാന്റ് നിര്‍മ്മാണം തടയുമെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ആവിക്കലിലും കോതിയിലും മാലിന്യ പ്ലാന്റ് വരുന്നതിനെ ആദ്യം അനുകൂലിച്ചവരാണ് എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അവര്‍ നിലപാട് മാറ്റിയെന്ന് മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു.

Signature-ad

അതിനിടെ, പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി നേതാക്കള്‍ക്കെതിരേ ജുവനൈല്‍ നിയമപ്രകാരം പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തത്.

 

 

Back to top button
error: