ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
ലോകത്ത് ഇപ്പോള്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും വ്യാപകം ഇതാണെന്നും അതിക്രമം നേരിടാന്‍ ഓരോ രാജ്യവും കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും നവംബര്‍ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്. അതിനു മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രസ്താവന.
ഓണ്‍ലൈന്‍ വഴിയും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു.
വനിതാവകാശ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സഹായധനം 2026 ഓടെ 50 ശതമാനമാക്കാന്‍ അദ്ദേഹം സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തു.