“ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിയുന്നത് ആരോഗ്യത്തിന് നല്ലതല്ല”; സത്യമെന്ത് ?
ഭക്ഷണസാധനങ്ങൾ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തിൽ നിങ്ങൾ കേൾക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം. എന്നാൽ എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാർത്ഥ്യമെന്നത് പലർക്കും അറിയില്ല. ധാരാളം പേർ ഭക്ഷണം സൂക്ഷിക്കുന്നതിന് അലുമിനിയം ഫോയിൽ ഉപയോഗിക്കാറുമുണ്ട്. സത്യത്തിൽ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യാമെങ്കിൽ പിന്നെ അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിച്ചാലെന്ത് എന്ന സംശയവും ഇതോടെ നിങ്ങളിൽ വരാം. എന്നാൽ കേട്ടോളൂ, അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും അത്ര നല്ലതല്ല. അലൂമിനിയം ഫോയിലിൽ ഭക്ഷണം വയ്ക്കുമ്പോൾ ഇതിൽ നിന്ന് അലൂമിനിയം മെറ്റൽ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങൾ, സ്പൈസിയായ ഭക്ഷണം എന്നിവ. അതുപോലെ തന്നെ അലൂമിനിയം ഫോയിൽ ചൂടാക്കുന്നതും ദോഷം തന്നെ. അതായത് ഇതിൽ ഭക്ഷണം വച്ച് ചൂടാക്കുന്നതോ, ചൂടുള്ള ഭക്ഷണം ഇതിൽ വയ്ക്കുന്നതോ എല്ലാം ദോഷമെന്ന് സാരം.
‘ഇൻറർനാഷണൽ ജേണൽ ഓഫ് ഇലക്ട്രോകെമിക്കൽ സയൻസ്’ എന്ന പ്രസിദ്ധീകരണത്തിൽ വന്നൊരു പഠനവും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു. ഇത് കൂടാതെ അലൂമിനിയം ഫോയിലിൽ ഭക്ഷണം വയ്ക്കുമ്പോൾ അതിൽ ഓക്സിജൻ കയറാതെ പെട്ടെന്ന് തന്നെ നശിച്ചുപോകാനും കാരണമാകുന്നു. അത് കാരണം ബാക്കിയായ ഭക്ഷണങ്ങൾ ഇതിൽ സൂക്ഷിക്കുന്നതും, ഭക്ഷണം ദീർഘനേരത്തേക്ക് ഇതിൽ സൂക്ഷിക്കുന്നതുമൊന്നും നന്നല്ല. പരമാവധി പാത്രങ്ങളിൽ തന്നെ ഭക്ഷണം സൂക്ഷിക്കുക. അല്ലെങ്കിൽ ക്ലിംഗ് റാപ് ഉപയോഗിക്കാം. യാത്രകളിലോ മറ്റോ ഉപയോഗിക്കാൻ ബട്ടർ പേപ്പറുകളെ കൂടുതൽ ആശ്രയിക്കാം.