IndiaNEWS

രഹസ്യമായോ പരസ്യമായോ സ്ത്രീകളെ അസഭ്യം പറയുന്നത് ക്രിമിനല്‍ കുറ്റം

ചെന്നൈ: സ്ത്രീകളെ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത് പരസ്യമായിട്ടല്ലെങ്കിലും ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് മദ്രാസ് ഹൈക്കോടതി. വീടിന് മുന്നിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള വീട്ടുവളപ്പിനുള്ളിലെ സംഭവമാണെങ്കിലും കുറ്റമാണെന്ന് വ്യക്തമാക്കി. ഹര്‍ജി തള്ളിയെങ്കിലും ഹര്‍ജിക്കാരന് തന്റെ ഭാഗത്തെ ന്യായങ്ങള്‍ വിചാരണക്കോടതിയെ ബോധിപ്പിക്കാമെന്നും ജസ്റ്റിസ് മഞ്ജുള പറഞ്ഞു. കില്‍പ്പോക്കില്‍ താമസിക്കുന്ന ശിവരാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

അയല്‍വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിലായിരുന്നു ശിവരാമകൃഷ്ണന്‍ ബൈക്ക് പാര്‍ക്ക് ചെയ്തത്. അയല്‍വാസികളായ സ്ത്രീകള്‍ ബൈക്ക് നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കില്‍പ്പോക്ക് പോലീസ് കേസെടുത്തു.

പൊതുസ്ഥലത്തല്ല സംഭവം നടന്നതെന്നതിനാല്‍ തനിക്കെതിരേയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവരാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. വീടിന് മുന്നിലുള്ള നടപ്പാതയിലാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഥവാ അസഭ്യം പറഞ്ഞത് പരസ്യമായിട്ടല്ലായിരുന്നുവെങ്കിലും ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കി.

 

 

Back to top button
error: