ലക്നോ: ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്പോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിംഗ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്‍റെ അമ്മ ഉഷ മകന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ച് കൊണ്ട് കുളത്തില്‍ ഛത്ത് പൂജ നടത്തുമ്പോഴാണ് രാവിലെ ദാരുണ സംഭവം ഉണ്ടായത്. അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം അതേ കുളത്തിൽ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു.
സുഹൃത്തുകള്‍ക്ക് നീന്തല്‍ അറിയാമായിരുന്നെങ്കിലും സത്യം സിംഗിന് വശമുണ്ടായിരുന്നില്ല. ആദ്യം കുളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ എല്ലാവരും മത്സരിച്ച് നീന്തുന്നതിനിടെ സത്യം സിംഗ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ സത്യം സിംഗിന്‍റെ വീട്ടുകാര്‍ എത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ദിയോറിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സത്യം സിംഗിന്‍റെ ആരോഗ്യ നില കൂടുതല്‍ മോശമായി.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. കൗമാരക്കാരന്‍റെ മുങ്ങി മരണം ഗ്രാമത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സത്യം സിംഗിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി സത്യം സിംഗ് അസുഖ ബാധിതനായിരുന്നുവെന്നും നില വഷളായ അവസ്ഥയിലായിരുന്നുവെന്നും അമ്മ ഉഷ പറഞ്ഞു.
അതുകൊണ്ട് കുളത്തില്‍ ചാടരുതെന്ന് പറഞ്ഞിരുന്നെങ്കിലും മകന്‍ അത് കേട്ടില്ലെന്നുമാണ് ഉഷ പറയുന്നത്. അതേസമയം, പൊലീസിനെതിരെ സംഭവത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു കോൺസ്റ്റബിളിനെയും ഒരു ഹോം ഗാർഡിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. എന്നാല്‍ സംഭവസമയത്ത് അവർ അവിടെ ഉണ്ടായിരുന്നില്ല. ചായകുടിക്കാൻ പോയതായിരുന്നു എന്നാണ് സൂചന.