‘Any clue sir’…അരിച്ചുപെറുക്കി നോക്കീട്ടും കണ്ടില്ല അതാ… കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ? കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന 8 പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്, അത് പിന്നീട് വിശദീകരിക്കാം!! സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്, ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്നും അത് പിന്നീട് വിശദീകരിക്കാമെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയം നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടത്. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






