ഒരാഴ്ച മുമ്പ് മോദിജിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല്‍ പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്‍ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഖില്‍ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കംമറിച്ചില്‍ നടത്തിയത്.
ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി എന്നും താന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ചിലര്‍ ബിജെപിയുടെ ഷാള്‍ തന്റെ കഴുത്തില്‍ ഇട്ടശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താന്‍ ഇതിനെ അന്ന് കണ്ടുള്ളു എന്നുമാണ് അഖിലിന്റെ ഇപ്പോഴത്തെ നിലപാട്. നേരത്തേ പന്തളം കുന്നന്താനത്ത് വെച്ച് നടന്ന ബിജെപി യോഗത്തില്‍ അഖിലിനെ ബിജെപിക്കാര്‍ സ്വാഗതം ചെയ്യുന്നതും അഖില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുന്നതായി പ്രഖ്യാപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഇയാള്‍ അന്ന് പറഞ്ഞിരുന്ന ന്യായീകരണം. കഴിഞ്ഞ 19 ാം തീയതിയായിരുന്നു പന്തളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജായിരുന്നു അഖിലിനെ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
എന്നാല്‍ ബിജെപിയുടെ ഷാള്‍ തന്റെ കഴുത്തില്‍ ഇട്ട ശേഷം വെറുതേ ഫോട്ടോയെടുത്തു എന്നേയുള്ളെന്നുമാണ് അഖില്‍ പറഞ്ഞത്. ഇപ്പോള്‍ കോണ്‍ഗ്രസിനോട് നിരുപാധികം മാപ്പു പറഞ്ഞ് തന്റെ മാതൃപാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.






