ജസ്ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം

അങ്കമാലി: അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജസ്ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
എടവനക്കാട് സ്വദേശിയായ ജസ്ലിയ പഠനത്തോടൊപ്പം സ്പോർട്സിലും മികവ് പുലർത്തിയിരുന്നു. ജസ്ലിയ പാർട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വിൽപ്പന ശാലയിലായിരുന്നു ജസ്ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാൽ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്, ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.






