ഇത്രവലിയ നേട്ടം കൊയ്ത മേയറോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞത് എന്തിനാണെന്ന് വി. മുരളീധരന്‍ ; ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരെന്നും മേയര്‍ ആര്യയ്‌ക്കെതിരേ വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്നും നിലവിലുള്ള സീറ്റുകളില്‍ ഭൂരിപക്ഷം കൂട്ടുമെന്നും മ്റ്റു സീറ്റുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
മേയര്‍ കടലാസില്‍ അവാര്‍ഡുകള്‍ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചണ്‍ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങള്‍ക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്നും 2015 മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഐഎമ്മുമാണ് മുന്നില്‍ വരുന്നതെന്നും വി മരളീധരന്‍ പറഞ്ഞു.
ത്രികോണ മത്സരം നടക്കും. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമായിരിക്കും. സിപിഐഎമ്മില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് അത് ഇനിയും തുടരുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തിരുവനന്തപുരത്തിനെ ഒരു മാതൃകാ നഗരമായി വികസിപ്പിക്കണം. മെട്രോയുടെ പണി തുടങ്ങാന്‍ 20 വര്‍ഷമെടുത്തു. ഈ സര്‍ക്കാരിന് കീഴില്‍ മെട്രോയുടെ പണി പൂര്‍ത്തിയാക്കാന്‍ എത്ര നൂറ്റാണ്ട് എടുക്കുമെന്നും മുരളീധരന്‍ ചോദിച്ചു.
മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാതെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജനസ്വാധീനം വര്‍ദ്ധിപ്പിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബിജെപി. ബിജെപി – കോണ്‍ഗ്രസ് ബാന്ധവം ഇല്ല. രാഹുല്‍ ഗാന്ധിയും വിഡി സതീശനും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ബിജെപിയെയാണ്. ബാന്ധവം സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാണെന്നും മുരളീധരന്‍ പറഞ്ഞു.






