Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പിഎം ശ്രീ: വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍; പ്രശ്‌നം പരിഹരിക്കാത്തതിനു പിന്നില്‍ സിപിഐയിലെ വിഭാഗീയതയെന്നും സൂചന; ജില്ലാ നേതാക്കള്‍ക്കും കടുത്ത അമര്‍ഷം; ‘സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കള്‍ക്ക് കാവിവത്കരണം പ്രശ്‌നമല്ലേ’ എന്നു ചോദിച്ച് നിരവധി പോസ്റ്റുകള്‍

തിരുവനന്തപുരം: ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ പിഎം ശ്രീയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയില്‍. സിപിഐയുടെ ആവശ്യപ്രകാരം തുടര്‍ നടപടികള്‍ മരവിപ്പിച്ചു. സ്‌കൂള്‍ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെ സിപിഐയുമായുള്ള പ്രശ്‌നത്തില്‍ തീരുമാനമായ ശേഷം മാത്രമാകും നടപ്പാക്കുക. കൂടുതല്‍ പ്രതികരണം വേണ്ടെന്ന് വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം മരവിപ്പിക്കലെന്ന് സിപിഐ നിലപാട്. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണം. മരവിപ്പിച്ചാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നുമാണു സിപിഐ നിലപാട്. സിപിഎം കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ചു. അതേസമയം മന്ത്രിസഭായോഗത്തിനു മുമ്പ് മഞ്ഞുരുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാവിലെ 9 മണിക്ക് സിപിഐ അടിയന്തര സെക്രട്ടേറിയറ്റും പത്തുമണിക്ക് 10ന് സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയേറ്റും ചേരും

Signature-ad

കരാറില്‍ നിന്ന് പിന്മാറാന്‍ പെട്ടെന്ന് സാധ്യമല്ലെങ്കില്‍ നടപടിക്രമങ്ങള്‍ മരവിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിസഭായോഗം വരെ ഇനിയുള്ള പകലുകള്‍ ഏറെ നിര്‍ണായകമാവുകയാണ് . സി.പി.ഐ മന്ത്രിമാര്‍ എന്നതില്‍ രാവിലെ ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.

എന്നാല്‍, പിഎം ശ്രീ വിഷയത്തില്‍ സിപിഐയില്‍ കടുത്ത ഭിന്നതയുണ്ടെന്നും വിവരമുണ്ട്. സംസ്ഥാനങ്ങള്‍ക്കു പദ്ധതിയില്‍ ക്രമപ്പെടുത്തല്‍ നടപ്പാക്കാമെന്നിരിക്കേ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജില്ലാതലത്തിലുള്ള പല നേതാക്കളും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി എഴുതുന്നുമുണ്ട്. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കള്‍ക്ക് ‘കാവിവത്കരണം’ പ്രശ്‌നമല്ലേ എന്നു പരിഹസിക്കുന്നവരാണ് ഏറെയും.

സിപിഐ സംസ്ഥാന കമ്മിറ്റിയിലെ കടുത്ത വിഭാഗീയതയാണ് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ബിനോയ് വിശ്വം, സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു എന്നിവര്‍ക്കിടയിലെ വിഭാഗീയതയാണ് പ്രശ്‌നം ആളിക്കത്തിക്കുന്നത്. ബിനോയ് വിശ്വം പ്രശ്‌നം ഏതുവിധേനയും പരിഹരിക്കണമെന്ന താത്പര്യക്കാരനാണെങ്കില്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള മറു വിഭാഗം ഇതൊരു അവസരമായി എടുക്കുകയാണെന്നും ആരോപണമുണ്ട്. ഇക്കാര്യം ജില്ലാ നേതാക്കള്‍ക്കിടയിലും വന്‍ ചര്‍ച്ചയാണ്.

സമീപകാലത്ത് സിപിഐയില്‍നിന്നു നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കും വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ സൃഷ്ടിക്കുന്നത്. തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ നിരവധി നേതാക്കളും അണികളുമാണ് പാര്‍ട്ടിവിട്ടു സിപിഎമ്മില്‍ ചേര്‍ന്നത്. ഇതും പാര്‍ട്ടിക്കു തലവേദയായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വിഭാഗീയത ആളിക്കത്തിയിരുന്നു. കെ.ഇ. ഇസ്മയില്‍ അടക്കമുള്ളവര്‍ക്കെതിരേ ബിനോയ് വിശ്വം പരസ്യ നിലപാട് എടുത്തതും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തെ അലോസരപ്പെടുത്തുന്നു.

Back to top button
error: